Sun. May 5th, 2024

തായ്‌ലന്‍ഡിലെ നഴ്‌സറിയില്‍ വെടിവയ്പ്പ്; 24 കുട്ടികള്‍ ഉള്‍പ്പെടെ 37 മരണം

By admin Oct 7, 2022 #news
Keralanewz.com

വടക്കുകിഴക്കന്‍ തായ്‌ലന്‍ഡിലെ ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം. ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 24 പേര്‍ കുട്ടികളാണെന്ന് അധികൃതര്‍ അറിയിച്ചു. കൂട്ടക്കൊലയ്ക്ക് ശേഷം വീട്ടില്‍ എത്തിയ അക്രമി ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു


നോങ് ബുവാ ലാംഫു പ്രവിശ്യയിലാണ് കൂട്ടകൊലപാതകം. മയക്കുമരുന്ന് ഉപയോഗിച്ചതിന് പിരിച്ചുവിട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് കുരുന്നുകള്‍ക്ക് നേരെ നിറയൊഴിച്ചത്. നഴ്‌സറിയില്‍ എത്തിയ പന്യ കാംറബ് (34) തോക്കും കത്തിയും ഉപയോഗിച്ച് ഉറങ്ങി കിടന്ന കുട്ടികളെ അക്രമിക്കുകയായിരുന്നു. 2 വയസ് പ്രായമുള്ള കുട്ടികള്‍ മുതല്‍ എട്ട് മാസം ഗര്‍ഭിണിയായ അധ്യാപിക വരെ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
മരിച്ചവരില്‍ കൂടുതലും കുട്ടികളും അധ്യാപകരുമാണ്

നഴ്‌സറിയില്‍ നിന്ന് രക്ഷപ്പെടും വഴി അക്രമി വഴിയാത്രക്കാരെയും കുത്തി പരുക്കേല്പിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ 12 പേരെ നോങ് ബുവാ ലാംഫു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ല. സാധാരണയായി 90ലധികം കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും, മോശം കാലാവസ്ഥയും ബസ് തകരാറും കാരണം 30ല്‍ അധികം കുട്ടികള്‍ മാത്രമാണ് വ്യാഴാഴ്ച ഹാജരായതെന്ന് അധികൃതര്‍ അറിയിച്ചു

Facebook Comments Box

By admin

Related Post